തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം ചട്ടങ്ങള്‍ ലംഘിച്ച് മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടേയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനു നല്‍കിയതിനെതിരെ മുന്‍ സര്‍വകലാശാല ജീവനക്കാരനായ ആര്‍.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ചു ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും തമ്മില്‍ ഭിന്നതയുണ്ടായിരിക്കുകയാണ്. അതിനാല്‍ കേസ് ഫുള്‍ബെഞ്ചിനു വിട്ടിരിക്കുകയാണ്.
അതേസമയം, ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഓര്‍ഡിനന്‍സ് ഭേദഗതി വരുന്നത് കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ നിരീക്ഷണം. ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിച്ചത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്നും മന്ത്രിസഭാ തീരുമാനം ലോകായുക്തയില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ അറ്റോണി ടി.എ. ഷാജി വാദം ഉന്നയിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്കു കഴിയില്ല. മരണപ്പെട്ട പൊതുപ്രവര്‍ത്തകരുടെ കുടുംബത്തിനാണ് സഹായം നല്‍കിയത്. സമൂഹത്തില്‍ ഏതു വിഭാഗത്തിലുള്ള ആളുകളായാലും സഹായിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അതു തുടരുമെന്നും ടി.എ ഷാജി വ്യക്തമാക്കി.
എന്നാല്‍, ഔദാര്യം കാട്ടേണ്ടതെന്ന് പൊതുമുതലെടുത്തല്ലെന്ന് ലോകായുക്ത തിരിച്ചടിച്ചു. ധനസഹായം നല്‍കിയതിന് എതിരല്ലെന്നും, നിയമവിരുദ്ധമായി നല്‍കിയതാണ് കേസിലൂടെ ചോദ്യം ചെയ്തതെന്നും പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി. ‘മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് തുക നല്‍കിയത്. നിയമപ്രകാരം മൂന്നു ലക്ഷം രൂപയ്ക്കു മുകളില്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ല. മന്ത്രി ഒറ്റയ്‌ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരവാദികളാണ്. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ മന്ത്രിമാര്‍ ലോകായുക്തയുടെ പരിധിയില്‍ വരും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഒരു കുടുംബത്തിനു പണം നല്‍കുമ്പോള്‍ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേതല്ലെ? മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നല്‍കാം, പക്ഷേ അത് അര്‍ഹതപ്പെട്ടവര്‍ക്കല്ലേ നല്‍കേണ്ടതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.

