തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അഴിമതിക്കെതിരെ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്ര സ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് മുഖ്യകാർമികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കടിക്കാൻ പോയിട്ട് കുരയ്ക്കാൻ പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീൽ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിഹിതമായ നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകണമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയെ രക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹർജി ലോകായുക്തയുടെ പരിഗണനയിൽ വരുമോ എന്നതും ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസം ഉള്ളതിനാൽ ഫുൾബെഞ്ചിനു വിടാനാണ് വിധി. എന്നാൽ ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമെന്ന് 2019ൽ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രൻ, ജസ്റ്റിസ് എകെ ബഷീർ എന്നിവർ ഉൾപ്പെടുന്ന ഫുൾബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാൻ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണെന്ന് കെപിസിസി പ്രസിഡൻറ് പറഞ്ഞു. ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022ൽ പൂർത്തിയായ ഹീയറിംഗിന്റെ വിധി ഒരു വർഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. ഹൈക്കോടതി മൂന്നാം തീയതി കേസ് പരിഗണിക്കുന്നു എന്നതിനാൽ മാത്രമാണ് ഇങ്ങനെയെങ്കിലും ഒരു വിധി പുറപ്പെടുവിച്ചത്.
ലോകായുക്ത വിധിക്കെതിരെ അതിശക്തമായ നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സുധാകരൻ വ്യക്തമാക്കി. മുൻ ലോകയുക്തയുടെ ഫുൾ ബെഞ്ചും ഇപ്പോൾ രണ്ടിലൊരു ലോകായുക്തയും സർക്കാരിനെതിരേ നിലപാട് എടുത്തിട്ടുണ്ട് എന്നത് ഈ കേസിന് ഏറ്റവും ശക്തമായ ആയുധമായിരിക്കും. 35 വർഷമായി ലാവ്ലിൻ കേസ് നീട്ടിക്കൊണ്ടുപോകാൻ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയൻ 5 വർഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.

