വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഫൈസലിനെതിരായ പരാതിക്കാരന് പതിനാറ് പരിക്കുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. സമയത്ത് ചികിത്സ നല്‍കിയില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്നു രാവിലെയാണ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ച് ലോക്സഭാ സെക്രട്ടേറിയേറ്റ് അടിയന്തര ഉത്തരവിറക്കിയത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് 10 വര്‍ഷം തടവ് കവരത്തി സെഷന്‍സ് കോടതി വിധിച്ചത്.

ജനുവരി 11ന് കവരത്തി കോടതി വിധിയുടെ പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തിച്ചു ജയിലിലാക്കി. തിരഞ്ഞെടുപ്പു കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കിയതോടെ തിരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഫൈസല്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്തു നല്‍കുകയായിരുന്നു.