അരിക്കൊമ്ബനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ? ഇന്ന് അരിക്കൊമ്പനെങ്കില്‍ നാളെ മറ്റൊരു കൊമ്ബന്‍ വരുമെന്നും ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബനെന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ‘മിഷന്‍ അരിക്കൊമ്ബന്‍’ നീളുമെന്ന് സൂചന നല്‍കി ഹൈക്കോടതി. അരിക്കൊമ്ബനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും അരിക്കൊമ്ബന്റെ കാര്യത്തില്‍ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്നും കോടതി വനം വകുപ്പ് ഉദ്യോഗസ്ഥരോട് ചോദ്യമുന്നയിച്ചു.

അരിക്കൊമ്ബനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. അരിക്കൊമ്ബന്റെ സഞ്ചാരം മൂലം പ്രയാസം അനുഭവപ്പെടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാവും ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേയ്ക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. എല്ലാ ആനകളേയും പിടികൂടി കൂട്ടിലടയ്ക്കാന്‍ സാധിക്കില്ല. അരിക്കൊമ്ബന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ത് ചെയ്തുവെന്ന് ചോദിച്ച കോടതി, ഇന്ന് അരിക്കൊമ്ബനാണെങ്കില്‍ നാളെ മറ്റൊരു കൊമ്ബന്‍ വരും. റേഡിയോ കോളര്‍ സ്ഥാപിച്ചാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു.

അതേസമയം, 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് വനംവകുപ്പും ചൂണ്ടിക്കാട്ടി. എങ്കിലും, അരിക്കൊമ്ബന്റെ ആക്രമണത്തില്‍ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നതും ജിഎസ്എം കോളര്‍ ഘടിപ്പിച്ച് ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍, അരിക്കൊമ്ബനെ ഉടന്‍ പിടികൂണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വനംവകുപ്പിന് വേണ്ടി അഡീഷണല്‍ എജി അശോക് എം ചെറിയാന്‍ ഹാജരായി.