ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് വോട്ടെണ്ണൽ. 80 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കർണാടകയിൽ 5,21,73,579 വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്റെ ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
29,141 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചൂണ്ടിക്കാട്ടി.

