സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കര്‍ശനമാക്കാനൊരുങ്ങുന്നു

രാജ്യത്ത്് സ്വര്‍ണത്തിന്റെ തിരിച്ചറിയല്‍ രേഖയായ ഹാള്‍മാര്‍ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നു മുതല്‍ ആഭരണങ്ങളില്‍ മാത്രമല്ല, രണ്ടു ഗ്രാമിനു മുകളിലുള്ള ഏതു സ്വര്‍ണ ഉരുപ്പടിയിലും ആറ് അക്ക എച്ച്യുഐഡി നിര്‍ബന്ധമാണ്. ഇങ്ങനെ വരുമ്പോള്‍ ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് പ്രാധാന്യമേറും. അഞ്ചു കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ കൊച്ചിയിലുള്ളത്. തൃശൂരില്‍ 45 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്.

ജ്വല്ലറികളില്‍ നിന്ന് എത്തിക്കുന്ന സ്വര്‍ണം വാങ്ങുന്നതിനായി ഈ കേന്ദ്രങ്ങളില്‍ പ്രത്യേകം സ്ഥലമുണ്ട്. വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് സ്വര്‍ണം ജ്വല്ലറികള്‍ ഈ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. സ്വര്‍ണം എത്തിയാല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രത്യേക പെട്ടികളിലാക്കി സൂക്ഷിക്കും. ബയോമെട്രിക് സുരക്ഷാസംവിധാനങ്ങള്‍ കടന്നു വേണം ഹാള്‍മാര്‍ക്കിങ് നടത്തുന്ന സ്ഥലത്തെത്താന്‍. സ്വര്‍ണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന സ്‌കാനര്‍ മെഷീനും ലേസര്‍ സംവിധാനവും ഇവിടെയുണ്ട്. ലേസര്‍ വിദ്യ ഉപയോഗിച്ചാണ് സ്വര്‍ണത്തില്‍ മുദ്രപതിപ്പിക്കുന്നത്. ഉല്‍പന്നത്തിന്റെ വലുപ്പം അനുസരിച്ച് പതിപ്പിക്കുന്ന മുദ്രയ്ക്ക് 0.5- 2 മില്ലീമീറ്റര്‍ വലിപ്പം ആകാം.

ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തില്‍ എത്തിയാല്‍ സ്വര്‍ണം തരം തിരിച്ചു ബിഐഎസ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തും. ഇതില്‍ നിന്നു ബിഐഎസ് പറയുന്നവയുടെ സാംപിളുകളുടെ ലാബ് ഫലം സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കൃത്യമാണെങ്കില്‍ ആഭരണങ്ങള്‍ക്ക് ഓരോന്നിനും പതിപ്പിക്കേണ്ട നമ്പര്‍ ബിഐഎസ് നല്‍കും. ഇതാണ് ആഭരണത്തിന്റെ എച്ച്യുഐഡി. പരിശോധനയില്‍ പരിശുദ്ധിയില്‍ ഒരു ശതമാനം കുറവു വന്നാല്‍ പോലും അതിന് നമ്പര്‍ ലഭിക്കില്ല. ടെസ്റ്റ് ചെയ്ത സാംപിളിന് ആനുപാതികമായി ആഭരണങ്ങള്‍ക്ക് ബിഐഎസ് നമ്പര്‍ നിഷേധിക്കുകയും ചെയ്യും. 2000ലാണ് സ്വര്‍ണത്തിന് സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത്. 2021 ജൂലൈ ഒന്നിനാണ് ആറക്ക നമ്പര്‍ ഉള്‍പ്പെടുന്ന ഹാള്‍മാര്‍ക്കിങ് നമ്പര്‍ പതിപ്പിക്കണമെന്നു നിര്‍ബന്ധമായത്. എങ്കിലും പഴയ 4അക്ക മുദ്രപതിപ്പിച്ചവ വില്‍ക്കുന്നതിന് തടസ്സമില്ലായിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ 6 അക്ക പുതിയ മുദ്ര പതിപ്പിച്ച ആഭരണങ്ങള്‍ മാത്രമാണ് ജ്വല്ലറികളില്‍ വില്‍ക്കാന്‍ കഴിയുക. ബിഐഎസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി (22K916), ആല്‍ഫാന്യൂമറിക് നമ്പര്‍ എന്ന രീതിയിലാണ് ഇനി മുതല്‍ എച്ച്യുഐഡി. ഈ ആല്‍ഫാന്യൂമറിക് നമ്പര്‍ നല്‍കുന്നത് ബിഐഎസ് ആണ്. സ്വര്‍ണം നിര്‍മിച്ചത് എവിടെ, ഏതുതരം ഉല്‍പന്നം, ഹാള്‍മാര്‍ക്കിങ് കേന്ദ്രം തുടങ്ങിയ വിവരങ്ങളെല്ലാം അടങ്ങുന്നതാണ് ആല്‍ഫാന്യൂമറിക് നമ്പര്‍.