എന്തുകൊണ്ടാണ് ഇത്രയും ഭീതി?; അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘എല്‍ഐസിയുടെ മൂലധനം അദാനിക്ക്, എസ്ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒ മൂലധനവും അദാനിക്ക്. ‘മൊദാനി’ പുറത്തുവന്ന ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം എന്തുകൊണ്ടാണ് അദാനിയുടെ കമ്പനികളില്‍തന്നെ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്തുകൊണ്ടാണ് ഇത്രയും ഭീതി’- അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞാണ് ഇന്ന് എത്തിയത്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ 17 പാര്‍ട്ടികള്‍ പങ്കെടുത്തു.