കാഠ്മണ്ഡു: എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്മെന്റിലെ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയുമായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി. ശ്രദ്ധക്കുറവ് വരുത്തിയതിനാണ് എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്മെന്റിലെ മൂന്ന് ജീവനക്കാർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.
നേപ്പാളിലെ ത്രിഭുവൻ അന്തർദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കൺട്രോളർമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവർ ജോലിയിൽ പ്രവേശിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. വിമാനങ്ങൾ കൂട്ടിയിടിക്കാൻ സാധ്യതയുള്ള തരത്തിൽ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. എയർ ഇന്ത്യയുടേയും നേപ്പാൾ എയർ ലൈൻസിന്റേയും വിമാനങ്ങൾ കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച ഈ സംഭവം നടന്നത്.
കാഠ്മണ്ഡുവിൽ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എ-320 എയർ ബസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിൽ പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനവുമാണ് കൂട്ടിയിടിക്കേണ്ടിയിരുന്നത്. തലനാരിഴയ്ക്കാണ് ഈ കൂട്ടിയിടി ഒഴിവായത്. സംഭവത്തിൽ അന്വേഷണം നടത്താൻ നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സംഭവം നടന്ന സമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ജീവനക്കാർക്കെതിരെയാണ് നടപടി ഉണ്ടായത്.

