ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പേർക്ക് തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾക്ക് ശിക്ഷ നൽകി കോടതി. കേസിലെ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷയും പിഴയുമാണ് കോടതി വിധിച്ചത്. ദീപക്ക്, സി ഒ ടി നസീർ, ബിജു പറമ്പത്ത് എന്നിവർക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

കേസിൽ 88-ാം പ്രതിയാണ് ദീപക്ക്. ഇയാൾക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിച്ചത്. കേസിലെ 18-ാം പ്രതിയായ സി ഒ ടി നസീർ, 99-ാം പ്രതിയായ ബിജു പറമ്പത്ത് തുടങ്ങിയവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും കോടതി നൽകി. കണ്ണൂർ സെഷൻസ് കോടതിയാണ് ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അഞ്ച് വർഷം നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കോടതിയുടെ കണ്ടെത്തൽ. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും കണ്ണൂരിൽ കാൽടെക്സ് മുതൽ പൊലീസ് ക്ലബ് വരെ മാർഗതടസമുണ്ടാക്കി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.

മുഖ്യമന്ത്രിയുടെ വാഹനത്തെയും അകമ്പടി പൊലീസ് വാഹനങ്ങളെയും സംഘം ആക്രമിക്കുകയും കല്ല്, മരവടി. ഇരുമ്പുവടി എന്നിവ വാഹനത്തിന് നേരെ എറിയുകയുമായിരുന്നു. സംഘം നടത്തിയ കല്ലേറിൽ ഉമ്മൻചാണ്ടിയ്ക്കും കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റു. വാഹനം തകർത്ത വകയിൽ അഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടാകുകയും ചെയ്തു. 113 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ 110 പേരെ കോടതി വെറുതെവിട്ടു.