ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയ നടപടിക്കു ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തതിനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എന്നെ ലക്ഷ്യമിട്ടത്. നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കും. പാര്‍ലമെന്റില്‍ ഞാന്‍ നടത്തിയ പ്രസംഗം ഒഴിവാക്കി. പിന്നീട് ലോക്സഭാ സ്പീക്കര്‍ക്ക് വിശദമായ മറുപടി നല്കി. വിദേശ ശക്തികളില്‍ നിന്നും ഞാന്‍ സഹായം തേടിയെന്ന് ചില മന്ത്രിമാര്‍ നുണകള്‍ പ്രചരിപ്പിച്ചു. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഞാന്‍ ഇനിയും തുടരും. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ഇനിയും ചോദ്യം ചെയ്യും. മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കര്‍ എന്നല്ല, ഗാന്ധി എന്നാണ്. ഗാന്ധിമാര്‍ മാപ്പ് ചോദിക്കില്ല. എന്റെ ജോലി രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ്. അതിനര്‍ത്ഥം ജനാധിപത്യ സംവിധാനങ്ങളേയും രാജ്യത്തെ ദരിദ്രരേയും സംരക്ഷിക്കുകയും അവരോട് സത്യം തുറന്നു പറയുകയുമാണ്. പ്രധാനമന്ത്രിയുമായുള്ള ബന്ധം മുതലെടുക്കുന്ന അദാനിയെപ്പോലെയുള്ളവരെ കുറിച്ച് ഞാന്‍ ജനങ്ങളോട് പറയും. അദാനിയുടെ ഷെല്‍ കമ്പനികളിലെ 20,000 കോടി ആരുടേതാണ്? എന്ന ലളിതമായ ചോദ്യമാണ് ഞാന്‍ ചോദിച്ചത്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ ഞാന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്പര്യമില്ല. ഇനിയും സത്യങ്ങള്‍ പറയും. അറസ്റ്റ് ചെയ്യപ്പെടുകയോ അയോഗ്യനാക്കുകയോ ചെയ്താലും ആ ജോലി ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ രാജ്യമാണ് എനിക്ക് എല്ലാം തന്നത്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്.’

