ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നത് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിക്കുമെന്ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.
ഇക്കൊല്ലത്തെ ധനകാര്യ ബില്‍ ലോക്സഭയുടെ പരിഗണനയ്ക്കിരിക്കെയാണ് പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്. ‘ധനകാര്യ സെക്രട്ടറിയുടെ കീഴിലാണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള സാമ്ബത്തിക ഉത്തരവാദിത്തം നിലനിര്‍ത്തിക്കൊണ്ട്, ജീവനക്കാരുടെ ആവശ്യകതയെക്കൂടി പരിഗണിക്കുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാകുന്ന രീതിയിലായിരിക്കും ഇത്’- നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാല് സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതി മടക്കിക്കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അവസാനം ലഭിച്ചിരുന്ന ശമ്ബളത്തിന്റെ അന്‍പത് ശതമാനം പെന്‍ഷനായി ലഭിക്കുന്നതായിരുന്നു പഴയ രീതി. എന്നാല്‍, 2004ല്‍ വാജ്പേയി സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തി, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം കൊണ്ടുവന്നു.

