കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ നാളെ (മാര്‍ച്ച് 24) മുതല്‍ ഞായറാഴ്ച (മാര്‍ച്ച് 26) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശം നല്‍കി.

അതേസമയം, നാളെ (മാര്‍ച്ച് 24) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.