കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലായി രേഖപ്പെടുത്തിയത്. ആകെ 1026 കോവിഡ് കേസുകളാണ് നിലവിലുള്ളത്.

അതേസമയം, ‘സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കണം. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കണം. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കണം. നിരീക്ഷണം ശക്തിപ്പെടുത്തണം’- മന്ത്രി നിര്‍ദേശം നല്‍കി.

കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവുംആവശ്യം. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്‌ബോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.