കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.
‘ഓപ്പറേഷന്‍ സമയത്തും തിരികെ വാര്‍ഡിലേക്ക് മാറ്റുന്നത് വരെയും രോഗികളായ സ്ത്രീകള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാകും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആശുപത്രിയില്‍ നടന്ന ക്രൂരമായ സംഭവത്തെ തുടര്‍ന്ന് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ കൃത്യമായി അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നീതി ലഭ്യമാകുന്നത് വരെ കമ്മീഷന്റെ പൂര്‍ണ്ണ പിന്തുണ യുവതിക്ക് ഉണ്ടാകും. ആശുപത്രിയില്‍ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തുന്നതിനും പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും കമ്മീഷന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകും’- സതീദേവി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ആഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടുമായും പ്രിന്‍സിപ്പലുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ ചര്‍ച്ച നടത്തി.

