കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികിത്സാ ക്യാംപ് പുരോഗമിക്കുന്നു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി ചേർന്നാണ് നേത്ര പരിശോധന ക്യാംപ് നടക്കുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് ക്യാംപിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
ബ്രഹ്മപുരത്തിന്റെ സമീപപ്രദേശമായ കരിമുകൾ ഭാഗത്ത് നിന്നാണ് നേത്ര പരിശോധന ക്യാംപ് ആരംഭിച്ചത്. മേഖലയിലെ 5 പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ക്യാംപ്. കിടപ്പിലായ രോഗികൾക്ക് അവരുടെ അരികിൽ ചെന്നാണ് മെഡിക്കൽ സഹായ സംഘം വൈദ്യസഹായം നൽകുന്നത്.
ക്യാംപിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അത്യാധുനിക ഉപകരണങ്ങളും അവശ്യ മരുന്നുകളും മെഡിക്കൽ സംഘത്തിന്റെ കൈവശമുണ്ട്. തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയിലെ ഇരുമ്പനം ഭാഗത്തെ വിവിധ പ്രദേശങ്ങളായ വടക്കേ ഇരുമ്പനം ബസ് സ്റ്റാൻഡ് സമീപം, പേടിക്കാട്ട് ക്വാറി, കർഷക കോളനി, ഭാസ്‌കരൻ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ മെഡിക്കൽ യൂണിറ്റ് എത്തി പരിശോധനകൾ നടത്തും. 9207131117 എന്ന നമ്പറുമായി ബന്ധപ്പെട്ടാൽ മെഡിക്കൽ യൂണിറ്റിന്റെ യാത്ര പാതകൾ ലഭ്യമാകും.

