കൊച്ചി: സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിഷയത്തില്‍ സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയച്ചു. എം ശിവശങ്കര്‍ ഇടപ്പെട്ട് സ്‌പേസ് പാര്‍ക്കില്‍ കണ്‍സള്‍റ്റന്റായാണ് സ്വപ്നയെ നിയമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലില്‍ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ ശമ്ബളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. എന്നാല്‍, സ്വര്‍ണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സള്‍ട്ടിംഗ് കമ്ബനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ന്യായം.
അതേസമയം, നിയമനം ശിവശങ്കര്‍ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയന്ന് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ സിപിഎമ്മിന് കൂടുതല്‍ തലവേദനയാവുകയാണ്.

