20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറും; ബോയിംഗ്

ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറുമെന്ന് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്. ബോയിംഗ് ഇന്ത്യ പ്രസിഡൻറ് സലിൽ ഗുപ്‌തെയാണ് ഇക്കാര്യം അറിയിച്ചത്. 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയും അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

വലിയ വിമാന വാങ്ങലുകൾ നടക്കുന്നതിനൊപ്പം തന്നെ വലിയ തോതിൽ മെക്കാനിക്കുകളെയും പൈലറ്റുമാരെയും ആവശ്യമായി വരും. ഇന്ത്യയുടെ വ്യോമഗതാഗത വളർച്ച കണക്കിലെടുക്കുമ്പോൾ, എയർപോർട്ടുകൾ ഉൾപ്പെടുന്ന ഹാർഡ് ഇൻഫ്രാസ്ട്രക്ചറും പൈലറ്റുമാർ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കോവിഡ് വൈറസ് വ്യാപനത്തിന് ശേഷം, വ്യോമയാന മേഖലയിൽ ഉണ്ടായ വീണ്ടെടുപ്പ് ലോകത്തെ അമ്പരപ്പിച്ചുവെന്നും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു സ്വാധീനവും വ്യോമയാന മേഖലയുടെ വളർച്ചയിൽ ബോയിംഗ് കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞ മാസം 470 വിമാനങ്ങൾക്കായുള്ള ഓർഡറുകൾ നൽകിയിരുന്നു. ബോയിംഗിലും യൂറോപ്യൻ ഏവിയേഷൻ കമ്പനിയായ എയർബസിനുമായാണ് എയർ ഇന്ത്യ ഓർഡറുകൾ നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറാണിത്.