ക്രെഡിറ്റ് സ്യൂയിസും പ്രതിസന്ധിയിലേക്ക്‌?

സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂയിസ് പ്രതിസന്ധിയിലാണെന്ന വാര്‍ത്ത ഇപ്പോള്‍ സാമ്പത്തിക ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. പലിശ നിരക്ക് ഉയര്‍ത്തിയതോടെയുള്ള ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ തന്നെയാണ് ക്രെഡിറ്റ് സ്യൂയിസിന്റെയും അടിസ്ഥാന പ്രശ്‌നമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ക്രെഡിറ്റ് സ്യൂയിസിന് ഫണ്ട് നല്‍കി സഹായിക്കാന്‍ സര്‍ക്കാരുകളും തയ്യാറാകുന്നില്ല എന്നാണ് സൂചന.

അമേരിക്കന്‍ ബാങ്കുകളേക്കാള്‍ ആഗോള തലത്തില്‍ ക്രെഡിറ്റ് സ്യൂയിസിനാണ് കൂടുതല്‍ രാജ്യങ്ങളില്‍ ശാഖകളുള്ളത്. ഇത് പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കും. ക്രെഡിറ്റ് സ്യൂസിന്റെ ഓഹരിവില അഞ്ചു ദിവസത്തില്‍ 35 ശതമാനവും, ഒരു വര്‍ഷത്തില്‍ 76 ശതമാനവുമാണ് നിലവില്‍ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെ പല ബാങ്കിങ് ഓഹരികളും 5 ശതമാനം മുതല്‍ 15 ശതമാനം വരെ താഴ്ന്നിട്ടുണ്ട്. പണപെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയത് മൂലം ഇന്ത്യയിലും വായ്പാ വളര്‍ച്ച കുറഞ്ഞിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ നേരിട്ട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും, ക്രെഡിറ്റ് സ്യൂയിസ് പ്രതിസന്ധി യൂറോപ്യന്‍ ബാങ്കുകളെ കടുത്ത പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. റഷ്യ യുക്രെയ്ന്‍ യുദ്ധം മൂലം പൊറുതിമുട്ടിയിരിക്കുന്ന യൂറോപ്യന്‍ സമ്പദ് വ്യവസ്ഥക്ക് കുരുവാകുകയാണ് ക്രെഡിറ്റ് സ്യൂയിസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുകയാണ്. 2008 ലെ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ച മുന്‍കൂട്ടി പ്രവചിച്ച റോബര്‍ട്ട് കിയോസാക്കി അടുത്തതായി ക്രെഡിറ്റ് സ്യൂയിസ് തകരുമെന്ന് പ്രവചിച്ചിരിക്കുന്നതും ബാങ്കിങ് മേഖലയിലെ ആശങ്കകള്‍ കൂട്ടുകയാണ്.