80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിന് എങ്ങനെ കടന്നുകളയാൻ കഴിഞ്ഞു; പഞ്ചാബ് പോലീസിനെതിരെ വിമർശനവുമായി കോടതി

ചണ്ഡീഗഢ്: പഞ്ചാബ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഖാലിസ്ഥാൻ വാദി അമൃത്പാൽ സിങ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതിലാണ് പഞ്ചാബ് പോലീസിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിന് എങ്ങനെ കടന്നുകളയാൻ കഴിഞ്ഞുവെന്നാണ് കോടതി ചോദിക്കുന്നത്. ഇത് ഇന്റലിജൻസ് വിഭാഗത്തിന്റെ പരാജയമാണെന്നും കോടതി വിമർശിച്ചു. അമൃത്പാലിനെ പിടികൂടാനുള്ള നടപടികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി പോലീസിന് നിർദ്ദേശം നൽകി.

കഴിഞ്ഞ ശനിയാഴ്ച അമൃത്പാൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പോലീസിനെ വെട്ടിച്ച് മുങ്ങിയത്. അതേസമയം, അമൃത്പാലിനെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും 78 കൂട്ടാളികളെ പിടികൂടാൻ പഞ്ചാബ് പോലീസിന് കഴിഞ്ഞു.