കോവിഡ് വൈറസ് വ്യാപനത്തിന് കാരണം ഈ ജീവികളോ; പുതിയ പഠനം പുറത്ത്

ബീജിംഗ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ട് പുറത്ത്. വുഹാനിലെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂൺ നായകളിൽ നിന്നാണ് കോവിഡ് വൈറസ് പടർന്നതെന്നാണ് പുതിയ പഠന റിപ്പോർട്ടിൽവ്യക്തമാക്കുന്നത്. മാർക്കറ്റിലുണ്ടായിരുന്ന റാക്കൂൺ നായകളെയും കോവിഡ് വൈറസ് വ്യാപനത്തെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായാണ് ഗവേഷകരുടെ അവകാശവാദം. 2020 ജനുവരിയിൽ ഹ്വനാൻ മാർക്കറ്റിൽ നിന്നും പരിസരത്ത് നിന്നും ചൈനീസ് ഗവേഷകർ ശേഖരിച്ച സാമ്പിളുകളിൽ നിന്നുള്ള ജനിതക വിവരങ്ങളാണ് പുതിയ പഠനത്തിന് ആധാരം.

കോവിഡ് വൈറസിന്റെ ആദ്യ കേസുകൾ വുഹാനിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ മാർക്കറ്റ് ചൈനീസ് ഭരണകൂടംഅടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷമാണ് സാമ്പിളുകൾ ശേഖരിച്ചത്. മാർക്കറ്റ് അടച്ചതോടെ കൂട്ടിലടച്ചിരുന്ന വന്യജീവികളെയെല്ലാം അധികൃതർ നീക്കം ചെയ്തിരുന്നു. അതിനാൽ മാർക്കറ്റിന്റെ മതിലുകൾ, നിലം, ലോഹ കമ്പികൾ, കൂടുകൾ, കാർട്ടുകൾ തുടങ്ങിയവയിൽ നിന്നാണ് ഗവേഷകർ സാമ്പിളുകൾ ശേഖരിച്ചത്. ഒരു ഓപ്പൺ ആക്‌സസ് ജീനോമിക് ഡേറ്റാബേസിലൂടെ ജനിതക വിവരങ്ങൾ ചൈനീസ് ഗവേഷകർ പുറത്തു വിട്ടിരുന്നു. തുടർന്ന് ഇവ ആഗോള ഗവേഷകർ വിശകലനത്തിന് വിധേയമാക്കിയിരുന്നു. കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ സാമ്പിളുകളിൽ റാക്കൂൺ നായകളുമായി പൊരുത്തപ്പെടുന്ന ജനിതക വസ്തുക്കൾ വലിയ അളവിൽ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞു.

അതേസമയംം, റാക്കൂൺ നായയ്ക്ക് തന്നെയാണ് വൈറസ് ബാധിച്ചതെന്ന് ഇത് തെളിയിക്കുന്നില്ല. റാക്കൂൺ നായയെ വൈറസ് ബാധിച്ചിരുന്നെങ്കിൽ തന്നെ അതിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടർന്നതെന്നും ഈ പഠനത്തിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ, രോഗ ബാധിതരായ മനുഷ്യരിൽ നിന്നാകാം റാക്കൂൺ നായയിൽ വൈറസ് സാന്നിദ്ധ്യമുണ്ടായത്. അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളിൽ നിന്നുമാകാമെന്നും ഗവേഷണത്തിൽ പറയുന്നു.

സാമ്പിളുകളുടെ ജനിതക വിശകലനം നടത്തിയത് ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ, മൈക്കൽ വൊറേബെയ്, എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു. ഗവേഷക റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടിട്ടില്ല. നായകൾ, കുറുക്കൻ തുടങ്ങിയവ ഉൾപ്പെടുന്ന കാനിഡേ കുടുംബത്തിൽപ്പെട്ടവയാണ് റാക്കൂൺ നായകൾ. ഇവ കാണപ്പെടുന്നത് കിഴക്കൻ ഏഷ്യയിലാണ്.