ലൈഫ് മിഷൻ കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

തിരുവനന്തപുരം: യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നാലുകോടിയോളം രൂപ കോഴ നൽകിയത് സന്തോഷ് ഈപ്പനാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.

സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തുന്ന രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്റേത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നേരത്തെ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ളാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു ലഭിച്ചത്. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് പണം നൽകിയിട്ടുണ്ടെന്നും ഇഡി അന്വേഷണത്തിൽ തെളിഞ്ഞു. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയതെന്നും എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിൽ വ്യക്തമായി.