ഇന്ത്യൻ കോൺസുലേറ്റിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണം; യു എസ് പ്രതിനിധികളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

സാൻഫ്രാൻസിസ്‌കോ: ഇന്ത്യൻ കോൺസുലേറ്റിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യു എസ് പ്രതിനിധികളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. നയതന്ത്ര മേഖലയുടെ സുരക്ഷ യുഎസ് സർക്കാരിന്റെ ബാധ്യതയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി അധികൃതരും അമേരിക്കൻ സ്റ്റേറ്റ് വകുപ്പിനോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ സസ്‌പെന്റ് ചെയ്യുകയും ചില കനേഡിയൻ സർക്കാർ അധികൃതരുടെ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സാൻ ഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിലാണ് ഖലിസ്ഥാൻ അനുകൂലികൾ അതിക്രമം നടത്തിയത്. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. അമൃത് പാലിനെ മോചിപ്പിക്കണമെന്ന് കെട്ടിടത്തിന്റെ ചുമരിൽ സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് എഴുതുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം.