രാഷ്ട്രപതി സംസ്ഥാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ബിജെപി സർക്കാരിനുള്ള മറുപടി; സീതാറാം യെച്ചൂരി

തിരുവനന്തപുരം: ബിജെപി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏകസർക്കാരാണ് കേരളത്തിലേതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രതിരോധ ജാഥയ്ക്ക് ഇന്ത്യൻ സാഹചര്യത്തിൽ അതിയായ പ്രാധാന്യമുണ്ടെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

കേരളത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്ക് മറുപടി പറയാനാണ് വന്നത്. എന്നാൽ രാഷ്ട്രപതി അത് എളുപ്പമാക്കിയെന്നും കേരളത്തെക്കുറിച്ച് നല്ല കാര്യങ്ങളാണ് രാഷ്ട്രപതി പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ബിജെപി സർക്കാരിനുള്ള മറുപടി ഇതാണ്. നിതി ആയോഗിന് പോലും വികസന സൂചികയിൽ ഒന്നാമതാണെന്ന് പറയാതിരിക്കാൻ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.