വ്ളാഡിമിർ പുതിന്റെ ക്ഷണം; റഷ്യയിൽ സന്ദർശനം നടത്താൻ ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: റഷ്യയിൽ സന്ദർശനം നടത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. മാർച്ച് 20 മുതൽ 22 വരെ തീയതികളിലായിരിക്കും ചൈനീസ് പ്രസിഡന്റിന്റെ റഷ്യൻ സന്ദർശനമെന്നാണ് പുറത്തു വരുന്ന വിവരം. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നാല് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് റഷ്യയിലെത്തുന്നത്. 2019 ലാണ് ഷി അവസാനമായി റഷ്യയിലെത്തിത്. എന്നാൽ, കഴിഞ്ഞ വർഷം ബീജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലും സെപ്തംബർ മാസം ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ചൈനീസ് പ്രസിഡന്റും റഷ്യൻ പ്രസിഡന്റും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചൈനീസ്- റഷ്യ രാഷ്ട്രത്തലവൻമാർ തമ്മിൽ ചർച്ച നടത്തുമെന്നാണ് വിവരം. ഉഭയകക്ഷി രേഖകളിൽ ഒപ്പുവെയ്ക്കാനും സാധ്യതയുണ്ട്. യുക്രൈൻ- റഷ്യ പ്രശ്‌നങ്ങൾ ആരംഭിച്ച് ഒരു വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് റഷ്യയിൽ എത്തുന്നത്. അതിനാൽ ഈ വിഷയവും ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.