ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് നദ്ദ കുറ്റപ്പെടുത്തി. യു കെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവും ജെ പി നദ്ദ മുന്നോട്ടുവെച്ചു.
ഇന്ത്യയിൽ ജി20 യോഗങ്ങൾ നടക്കുമ്പോൾ രാഹുൽ വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്റിനെയും അപമാനിക്കുകയാണ്. രാഹുൽ ഗാന്ധി ദേശവിരുദ്ധ ടൂൾകിറ്റിന്റെ സ്ഥിരാംഗമായി മാറി. രാഹുൽ ഗാന്ധി രാജ്യത്തെ 130 കോടി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അപമാനിക്കുകയാണ്. ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചുവെന്നും യൂറോപ്പും അമേരിക്കയും ഇടപെടണമെും അദ്ദേഹം വിദേശ മണ്ണിൽ പറയുന്നു. ഇതിലും ലജ്ജാകരമായ മറ്റൊന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതിലൂടെ രാഹുൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നദ്ദ ചോദിച്ചു. ഇത് രാജ്യദ്രോഹികളെ ശക്തിപ്പെടുത്താനല്ലെങ്കിൽ പിന്നെ എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ പോലും, വിദേശ ശക്തികളിൽ നിന്ന് ഇന്ത്യൻ സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയമാണിതെന്നും ജെ പി നദ്ദ വിമർശിച്ചു.

