ലൈഫ് മിഷൻ കേസ്; മുഖ്യമന്ത്രിയെ പ്രതി ചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് പരാതി നൽകി അനിൽ അക്കര

തൃശൂർ: ലൈഫ് മിഷൻ കേസിൽ സിബിഐയ്ക്ക് പരാതി നൽകി മുൻ എംഎൽഎ അനിൽ അക്കര. കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം പരാതി നൽകിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം പരാതി സമർപ്പിച്ചത്. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സി.ഇ.ഒ അയച്ച കത്തിന്റെ പകർപ്പും അദ്ദേഹം സിബിഐയ്ക്ക് നൽകി. വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണെന്ന് അനിൽ അക്കര അപേക്ഷയിൽ പറയുന്നു.

ധാരണാപത്രം എഫ് സി ആർ എ ചട്ടലംഘനമാണെന്നും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അനിൽ അക്കര പരാതി നൽകിയിട്ടുള്ളത്.