ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതംവെച്ചതിനെതിരായ ഹർജി; എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതംവെച്ചതിനെതിരായ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. വടകരയിലെ ഒരു കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതം വെച്ചതിനെതിരെ മുംബൈയിൽ താമസിക്കുന്ന ബുഷറ അലി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി.

കേസിൽ നിലവിലെ സ്ഥിതി തുടരണമെന്നാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 1937ലെ ശരിഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതം വയ്ക്കലിൽ ലിംഗ സമത്വം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുഷറ അലി കോടതിയിൽ ഹർജി സമർപ്പിച്ചത്. അഭിഭാഷകർ ബിജോ മാത്യു ജോയ്, മനു കൃഷ്ണൻ എന്നിവരാണ് ബുഷറ അലിയ്ക്കായി ഹാജരായത്. ആൺ മക്കൾക്ക് സ്വത്ത് ഉള്ളത് പോലുള്ള തുല്യ അവകാശം കുടുംബത്തിലെ പെൺമക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ഇവർ കോടതിയിൽ വ്യക്തമാക്കിയത്.

അഭിഭാഷകൻ പി എസ് സുൽഫിക്കർ അലി, കെ കെ സൈദാലവി എന്നിവരാണ് എതിർ കക്ഷികൾക്ക് വേണ്ടി ഹാജരായത്. ബുഷറയ്ക്ക് സ്വത്ത് നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതിയിൽ ഇവർ വാദിച്ചു. പെൺമക്കൾക്ക് സ്വത്ത് നൽകാതെ ആൺമക്കൾ സ്വത്ത് കൈയടക്കുക ആണോയെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവർ അടങ്ങിയ ബെഞ്ച് വാക്കാൽ നിരീക്ഷണം നടത്തി. ശരീഅത്ത് നിയമ പ്രകാരം മുസ്ലിം കുടുംബങ്ങളിൽ നടപ്പാക്കുന്ന പിന്തുടർച്ചാവകാശ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജിക്ക് ഒപ്പം ഈ ഹർജിയും ടാഗ് ചെയ്യണമെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ ഉന്നയിക്കുന്ന ആവശ്യം. അതേസമയം, ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.