മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീർ എത്താൻ സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് മുനീറിന്റെ പേരിനാണ് മുൻതൂക്കം. ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരും മുനീറിനാണ് പിന്തുണ നൽകിയിട്ടുള്ളതെന്നാണ് വിവരം.
അതേസമയം, മുതിർന്ന് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ഈ നീക്കത്തോട് യോജിപ്പില്ല. ഈ സാഹചര്യത്തിൽ പ്രതിസന്ധി തുടരുകയാണെന്നാണ് പുറത്തു വരുന്ന വിവരം. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ പികെ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം നടത്തിയിരുന്നു. ഇതോടെ മറുപക്ഷം എതിർപ്പറിയിച്ച് മുനീറിന് വേണ്ടിയുള്ള ശ്രമങ്ങളും തുടങ്ങി. ഇതാണ് പ്രതിസന്ധി നേരിടാൻ കാരണം.
ലീഗ് ജില്ലാ ഭാരവാഹികളെ സാദിഖലി തങ്ങൾ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി അഭിപ്രായം ചോദിച്ചപ്പോൾ കണ്ണൂരൊഴികെ ലീഗിന് സ്വാധീനമുള്ള പ്രധാന ജില്ലാ ഭാരവാഹികൾ മുനീറിന് പിന്തുണ നൽകി. നാളെ കൗൺസിൽ യോഗം ചേരും മുൻപ് വിഷയത്തിൽ സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം.
തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകില്ലെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നതിനെതിരെ ഇടി മുഹമ്മദ് ബഷിറും കെപിഎ മജീദും ഉൾപ്പെടെയുള്ള നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നീക്കം കോഴിക്കോട് അടക്കമുള്ള പല ജില്ലകളിലും മുനീറും കെഎം ഷാജിയും അടക്കമുള്ളവർ ചേർന്ന് പൊളിച്ചിരുന്നു.

