‘മാപ്പ് പറയണമെങ്കിൽ സ്വപ്ന ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ’; പരിഹാസവുമായിസ്വപ്‌ന സുരേഷ്

ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാനനഷ്ടക്കേസിനുള്ള വക്കീൽ നോട്ടീസിനെതിരെ പരിഹാസവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാപ്പ് പറയണമെങ്കിൽ സ്വപ്ന ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം. നോട്ടീസ് കിട്ടിയാൽ മറുപടി നൽകുമെന്നും സ്വപ്‌ന പറഞ്ഞു.

തന്റെ മനസാക്ഷിക്ക് തെറ്റ് ചെയ്തിട്ടില്ല. അതിനാൽ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും തന്റെ നിലപാടിൽ നിന്നും പിൻമാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിതെന്നും സത്യം പുറത്ത് കൊണ്ട് വരുമെന്നും സ്വപ്‌ന വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും കഴിഞ്ഞ ദിവസമാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

കണ്ണൂർ തളിപ്പറമ്പിലെ അഭിഭാഷകൻ മുഖേനെയാണ് അദ്ദേഹം സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്കെതിരായുള്ള ആരോപണങ്ങൾ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെന്ന ആളിനെ അറിയില്ല, അതിനാൽ സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്തില്ല എങ്കിൽ സിവിൽ, ക്രിമിനൽ കേസുകൾ പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.