ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിനായി ചെലവഴിച്ച ആകെ തുകയുടെ കണക്ക് കൊണ്ടുവരണം: ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണത്തിനായി ചെലവഴിച്ച തുകയുടെ മൊത്തം കണക്ക് കൊണ്ടുവരണമെന്ന് ഹൈക്കോടതി. ഇതിനായി കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് ഉദ്യോഗസ്ഥന് മെമ്മോ നല്‍കാനും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തീപ്പിടിത്തത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

അതേസമയം, കോര്‍പ്പറേഷന്‍ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ‘ചെറിയ ഒരു സ്ഥലം വാങ്ങാന്‍ പോലും ഇതിനെക്കാള്‍ മികച്ച കരാര്‍ ഉണ്ടാകും. കരാര്‍ ലംഘനം നടത്തിയാല്‍ സ്വീകരിക്കാവുന്ന ശിക്ഷണനടപടികളെക്കുറിച്ച് കരാറില്‍ ഒന്നും പറയുന്നില്ല’- കോടതി വ്യക്തമാക്കി.

എന്നാല്‍, 31 കോടി രൂപയാണ് ജൈവമാലിന്യ സംസ്‌കരണത്തിനായി നല്‍കിയത്. മാസം 30 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനിയുമായുള്ള കരാര്‍ തുടരേണ്ടതില്ലെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം എടുത്തില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി വിശദീകരിച്ചു.