തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു വിഷയത്തിലും അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്പീക്കർ പരിഹാസപാത്രമാകുകയാണ്. സ്പീക്കറെ പരിഹാസപാത്രമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ”കുടുംബ അജണ്ടയാണ്” സഭയിൽ നടക്കുന്നത്. എത്ര പി.ആർ. വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കർക്കൊപ്പം എത്തുന്നില്ല. അപ്പോൾ പിന്നെ സ്പീക്കറെ പ്രതിപക്ഷത്തിന്റെ ശത്രുവാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ മുഹമ്മദ് റിയാസ്, പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കണ്ട. സ്ത്രീ സുരക്ഷ ചർച്ച ചെയ്യാത്ത ഈ സഭ നിയമസഭയാണോ അതോ കൗരവ സഭയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണം എന്നാഗ്രഹിച്ചതിൽ എന്താണ് തെറ്റ്. സ്ത്രീകളും കുട്ടികളും നിരന്തരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. 2020 ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 12609 ആണെങ്കിൽ 2021 ൽ 16199 ലേക്ക് ഉയരുകയും 2022 ൽ അത് 19000ത്തോളം ആയി മാറുകയും ചെയ്തു. പോക്‌സോ കേസുകളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമങ്ങൾക്കിരയാകുന്നത്. ഇതുപോലെത്തെ വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാണ് സഭ കൂടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

