കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഓരോഘട്ടവും നേരിട്ടു വിലയിരുത്താനൊരുങ്ങി ഹൈക്കോടതി. എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് ഒരു അഭിഭാഷകനെയും മറ്റുജില്ലകളിലേക്ക് രണ്ട് അഭിഭാഷകരെയും അമിക്കസ് ക്യൂറിമാരായി നിയമിക്കും. എന്നാല്‍, മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ശമ്ബളം തടയുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം, മാലിന്യ സംസ്‌കരണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ‘പ്‌ളാസ്റ്റിക് കുപ്പികളടക്കം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു തടയണം. ഇങ്ങനെ ചെയ്ത എത്രപേര്‍ക്കെതിരെ നടപടിയെടുത്തു? ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണം’- തദ്ദേശ ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് കോടതി നിര്‍ദ്ദേശിച്ചു.
അതിനു പുറമെ, ബ്രഹ്മപുരത്തേതിന് സമാനമായ സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനമിറക്കണമെന്നും മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ബോധവത്കരണ പരിപാടിയും വേണം. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ച സാഹചര്യത്തില്‍ ഹര്‍ജിയിലെ പ്രശ്‌നങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
ബ്രഹ്മപുരത്തെ വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്ബിളും വായു മലിനീകരണത്തിന്റെ തോതും 24 മണിക്കൂറിനകം പരിശോധിച്ചു തിട്ടപ്പെടുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

