ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; സിബിഐ അന്വേഷണം നടത്തണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി രംഗത്തെത്തി. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തതെന്നും കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഈ വിഷയം തൊടില്ല. ഇത്രയേറെ വലിയൊരു ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തത്. മൂന്നാം ദിവസവും ഒരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഇത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. തദ്ദേശ വകുപ്പ് മന്ത്രി കരാർ കമ്പനിയുടെ വക്താവായി മാറി. ഡയോക്‌സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയൽ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്തത്തിൽ കലർന്നാൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയിലുളളത് വളരെ അപകടകരമാണ് സ്ഥിതിയാണ്. ഇപ്പോഴും തീ പടർന്ന് പിടിക്കുകയാണ്. ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന വിഷയമാണ്. അമേരിക്ക വിയറ്റ് നാം യുദ്ധത്തിൽ ഉപയോഗിച്ച ഏജന്റ് ഓറഞ്ചിൽ ഡയോക്‌സിനാണുള്ളത്. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസം മാത്രമാണ് ജനങ്ങളോട് മാസ്‌ക് ധരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.