രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഈശ്വരന് നിരക്കാത്തത്; ലണ്ടനിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങളുയരുന്നത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ കർണാടകയിലെ ജനങ്ങൾക്കും ഈശ്വരനും നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സന്ദർശനത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

ലണ്ടനിലെ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങളുയരുന്നത് നിർഭാഗ്യകരമാണ്. ഈ വ്യക്തികൾ ഭഗവാൻ ബസവേശ്വരയേയും കർണാടകയിലേയും ഇന്ത്യയിലേയും ജനങ്ങളെയാണ് അപമാനിക്കുന്നത്. ഇത്തരം വ്യക്തികളിൽ നിന്ന് കർണാടക അകലം പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ജനാധിപത്യത്തെ ദുർബലമാക്കാൻ ഒരു ശക്തിയ്ക്കും സാധ്യമല്ല. എങ്കിലും ചില വ്യക്തികളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള നിരന്തരശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. ലോകം മുഴുവൻ നമ്മുടെ ജനാധിപത്യവ്യവസ്ഥയെ കുറിച്ച് പഠനം നടത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ല മറിച്ച് ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് മറ്റു പല കാര്യങ്ങളേയും മുൻനിർത്തി നമുക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.