വിദ്യാനഗർ: കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന രക്ഷിതാക്കൾ സൂക്ഷിക്കുക. പരിശോധന നടത്തുമ്പോൾ വാഹനം ഓടിച്ചയാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയാൽ വാഹന ഉടമയ്‌ക്കെതിരെയോ വാഹനം ഓടിക്കാൻ അനുവാദം നൽകിയവർക്കെതിരെയോ ആയിരിക്കും നടപടി സ്വീകരിക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇത്തരത്തിലൊരു സംഭവമാണ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദ്യാനഗറിൽ നാലാംമൈലിൽ എസ്‌ഐ വിജയൻ മേലത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെയാണ് 17 വയസ്സുകാരൻ ബൈക്കുമായി എത്തിയത്. പൊലീസ് കൈകാണിച്ചപ്പോൾ ബൈക്ക് നിർത്തി. ലൈസൻസും വാഹനത്തിന്റെ മറ്റു രേഖകളും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, കുട്ടി തനിക്ക് ലൈസൻസില്ലെന്ന് പോലീസിനോട് സമ്മതിച്ചു.
തനിക്ക് 18 വയസ്സ് ആയില്ലെന്നും കുട്ടി വെളിെടുത്തി. തുടർന്ന് പോലീസ് കുട്ടിയുടെ പേരും വിലാസവും രേഖപ്പെടുത്തി. ആരാണു വാഹനം ഓടിക്കാൻ തന്നതെന്നു ചോദിച്ചപ്പോൾ മാതാവ് ആണെന്നും കുട്ടി സമ്മതിച്ചു. തുടർന്ന് മാതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

