‘കാര്‍പന്റേഴ്സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഇപ്പോള്‍ ഓസ്‌കാറിനൊപ്പം നില്‍ക്കുന്നു’: എം.എം കീരവാണി

95-ാമത് ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലെ എം.എം കീരവാണിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കാര്‍പന്റേഴ്സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോള്‍ ഓസ്‌കാറിനൊപ്പം നില്‍ക്കുന്നുവെന്നും കീരവാണി പറഞ്ഞു.

‘അക്കാദമിക്ക് നന്ദി. എനിക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ തന്നെ രാജമൗലിക്കും എന്റെ കുടുംബത്തിനും. ആര്‍ആര്‍ആര്‍ പുരസ്‌കാരം നേടണം. ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമായി മാറണം. ലോകത്തിന്റെ നെറുകയില്‍ എത്തണം’-അദ്ദേഹം പറഞ്ഞു. ഓസ്‌കാര്‍ സ്വീകരിച്ചുകൊണ്ട് പാട്ട് പാടുന്നതുപോലെയാണ് കീരവാണി പ്രതികരിച്ചത്. ഗാനരചയിതാവ് ചന്ദ്രബോസിനൊപ്പമാണ് എം എം കീരവാണി ഓസ്‌കാര്‍ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.

അതേസമയം, ഐ വി ശശി ചിത്രമായ നീലഗിരിയിലൂടെയായിരുന്നു മലയാളത്തില്‍ കീരവാണിയുടെ അരങ്ങേറ്റം. പിന്നീട് തരളിത രാവില്‍ മയങ്ങിയോ എന്ന ഗാനം പിറന്നു. സൂര്യമാനസത്തിലെ ഈ ഗാനം മൂളി നടക്കാത്ത മലയാളികളുണ്ടാകില്ല. സ്വര്‍ണചാമരം എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ഈണമിട്ടതും കീരവാണിയാണ്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങളിലൊന്നായ ‘ശിശിര കാല’ ചിട്ടപ്പെടുത്തിയതും കീരവാണിയാണ്. ശശികല ചാര്‍ത്തിയ ദീപാവലയവും, യയയായാാദവാ എനിക്കറിയാം എന്നീ ഗാനങ്ങളും മലയാളികള്‍ക്ക് ഒരേപോലെ പ്രിയങ്കരമായി.