ബ്രഹ്മപുരം തീപിടുത്തം; ദുരന്തബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ ദുരന്തബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ പുറത്തെത്തുന്ന വിഷവസ്തുക്കൾ ഉണ്ടാക്കുന്ന ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങൾ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്തത്തെ തുടർന്ന് ഉണ്ടായ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് ഇതുവരെ നിർണയിക്കാനായിട്ടില്ല. മനുഷ്യന്റെ ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അർബുദം, ഹൃദ്രോഗം, ത്വക്ക് രോഗങ്ങൾ, വന്ധ്യത, ആസ്തമ, ഗർഭസ്ഥശിശുക്കളിൽ വൈകല്യം എന്നിവയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഭോപ്പാൽ വിഷവാതക ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ബ്രഹ്മപുരം തീപിടിത്തവും. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി നഗരസഭയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ബ്രഹ്മപുരം പ്രദേശവാസികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ബ്രഹ്മപുരം മാലിന്യ തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതാപരിശോധനയ്ക്കായി കോൺഗ്രസ് എട്ടംഗ സമിതിയെ നിയോഗിച്ചു. എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ ടി.ജെ.വിനോദ്, ഉമാ തോമസ്, പരിസ്ഥിതി പ്രവർത്തകനും ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.ഉമ്മൻ വിയ ഉമ്മൻ, ജൈവവൈവിധ്യ ബോർഡ് മുൻ സെക്രട്ടറി പ്രൊഫ. ലാലാ ദാസ്, ജൈവ രസതന്ത്രജ്ഞൻ ഡോ.സി.എൻ. മനോജ് പെലിക്കൻ, യു.എൻ ആരോഗ്യവിദഗ്ദ്ധനായിരുന്ന ഡോ.എസ്.എസ് ലാൽ എന്നിവരാണ് സമിതിയിലുള്ള അംഗങ്ങൾ.