ലോക രാഷ്ട്രീയത്തിൽ ചൈന മുഖ്യശബ്ദമായി ഉയർന്നുവരുന്നത് പ്രശംസനീയം; ഷി ചിൻപിങിന് ആശംസ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഷി ചിൻപിങിന് മുഖ്യമന്ത്രി ആശംസ നേർന്നത്. ലോക രാഷ്ട്രീയത്തിൽ ചൈന മുഖ്യശബ്ദമായി ഉയർന്നുവരുന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയർന്നുവന്നത് പ്രശംസനീയമാണ്. കൂടുതൽ അഭിവൃദ്ധിപ്പെടാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നു-മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകൾ വന്നിട്ടുള്ളത്.