സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം

സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന കാരണത്താലാണിത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, നിലവില്‍ രാജ്യത്ത് വൈദ്യുത ക്ഷാമമുണ്ടെന്ന പ്രതീതി സൃഷ്ടിക്കരുതെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവെറ്റാന്‍ രാജ്യത്തെ എല്ലാ കല്‍ക്കരി വൈദ്യുതി പ്ലാന്റുകള്‍ 16 മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും എന്നും, എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കല്‍ക്കരി സൂക്ഷിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

വൈദ്യുതി ആവശ്യം വര്‍ധിച്ചാല്‍ എന്‍ടിപിസിയുടെ ഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കല്‍ക്കരി കൊണ്ടുപോകാനുള്ള റെയില്‍വേ റേക്കുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യന്‍ റയില്‍വേക്ക് നിര്‍ദ്ദേശം നല്‍കി.