നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; എം. കെ രാഘവന്‍ എംപിക്ക് താക്കീത്‌

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി എം. കെ രാഘവന്‍ എംപി നേരത്തെ മുന്നോട്ട് വന്നിരുന്നു. വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നും സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.

അതേസമയം, എം കെ രാഘവനെ പിന്തുണച്ചുകൊണ്ട് കെ. മുരളീധരന്‍ എം പി രംഗത്ത് വന്നിരുന്നു. എന്നാല്‍, പരസ്യ പ്രതികരണങ്ങള്‍ പാടില്ല എന്ന് നേതൃത്വം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മുതിര്‍ന്ന നേതാക്കള്‍ അത് കണക്കിലെടുക്കാത്തതാണ് ഔദ്യോഗികമായി താക്കീത് നല്‍കുന്നതിന് കാരണം. പരാതി പറയാന്‍ പാര്‍ട്ടി വേദികള്‍ ഉണ്ടായിരുന്നിട്ടും പൊതുവേദിയില്‍ വിമര്‍ശനമുന്നയിച്ചത് ശരിയായില്ല എന്ന് ചൂണ്ടി കാണിച്ചാണ് താക്കീത്. വിഷയത്തില്‍ ഉടന്‍ തന്നെ കെപിസിസി നേതൃത്വം ഡിസിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം. കെ രാഘവന് കത്ത് നല്‍കിയിരുന്നു. എഐസിസിയുടെ അനുമതിയോടെയാണ് കെപിസിസി നടപടി.

എന്നാല്‍, ഇത്തരത്തിലൊരു താക്കീതുമായി കെപിസിസിയില്‍ നിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരന്‍ അറിയിച്ചു. ‘പാര്‍ട്ടിക്ക് അകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. സേവനം വേണ്ടെന്ന് പറഞ്ഞാന്‍ മതി, അപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താം. കെപിസിസിയില്‍ നിന്ന് കത്ത് കിട്ടുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കും’- അദ്ദേഹം വ്യക്തമാക്കി.