സാങ്കേതിക സർവകലാശാല വി സി സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി സംസ്ഥാന സർക്കാർ

കൊച്ചി: സാങ്കേതിക സർവകലാശാല വി സി സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി സംസ്ഥാന സർക്കാർ. സർക്കാർ അനുമതിയില്ലാതെ സിസ തോമസ് സാങ്കേതിക സർവകലാശാല വിസി സ്ഥാനം ഏറ്റെടുത്തതിലാണ് കാരണം കാണിക്കാൻ നോട്ടീസ് നൽകിയിത്. മാർച്ച് 31ന് സിസ തോമസ് സർവ്വീസിൽ നിന്നും വിരമിക്കും. ഇതിനിടെയാണ് സർക്കാർ സിസ തോമസിനെതിരെ നിലപാട് കടുപ്പിച്ചത്.

സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല ഏറ്റെടുത്ത നടപടി കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് സിസി തോമസിന് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മറുപടി സർക്കാരിനെ രേഖാ മൂലം ബോധിപ്പിച്ചില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, നോട്ടീസ് കൈപ്പറ്റി എന്നും സമയബന്ധിതമായി തന്നെ മറുപടി നൽകുമെന്നും സിസാ തോമസ് അറിയിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും കാണാൻ ശ്രമിച്ചു. മന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് അന്ന് കാണാൻ കഴിയാതെ പോയതെന്നും വകുപ്പ് സെക്രട്ടറി കാണാൻ കൂട്ടാക്കിയില്ലെന്നും സിസാ തോമസ് ചൂണ്ടിക്കാട്ടി.