തിരുവനന്തപുരം: മുസ്ലിം ലീഗ് സമ്മേളനത്തിൽ മലയാളത്തിൽ പ്രസംഗം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഒരുമിച്ച് നിൽക്കാം. നമുക്ക് ജയിക്കാം. ഈ വാക്കുകളോടെയാണ് മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ പ്രസംഗം എം.കെ സ്റ്റാലിൻ അവസാനിപ്പിച്ചത്. ആരവങ്ങളോടെ ജനം ഈ പ്രഖ്യാപനത്തെ വരവേറ്റു.
മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. 2024 തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ നാം ഒരുമിച്ച് നിൽക്കണം. ഈ ആശയം ഇന്ത്യ മുഴുവൻ എത്തിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി ഖാഇദെ മില്ലത്തിന്റെ കാലം മുതലേ മുസ്ലിംലീഗുണ്ടായിരുന്നു. ഖാഇദെ മില്ലത്ത് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കലൈഞ്ജർ മുസ്ലിം സമുദായത്തിന് വേണ്ടി നിറവേറ്റി നൽകി. ഈ സമ്മേളനം ചില രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചത് കേട്ടു. അതിൽ പറഞ്ഞ കാര്യങ്ങൾ ആവുന്നതും ചെയ്യാൻ ശ്രമിക്കും. ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് താൻ ഈ അവസരത്തിൽ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിംലീഗ് വിളിച്ചാൽ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ല. ഇനിയും എത്രതവണ വിളിച്ചാലും താൻ വരും. വന്നിരിക്കുന്നത് നിങ്ങളിൽ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

