തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന ചോദ്യവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കൊന്നും കൊലവിളിച്ചും പാരമ്പര്യം ഉള്ളവർ ഭരിക്കുന്നത് കൊണ്ടാണ് സ്വപ്നയെ തീർത്തുകളയും എന്ന് ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ നിലയിൽ ആയെന്നും അദ്ദേഹം പരിഹസിച്ചു.
ഇനിയും അപഹാസ്യനാകാൻ നിന്നുകൊടുക്കേണ്ടതുണ്ടോ. സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറി. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാൻ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിൽ ഇപ്പോൾ 30 കോടിയാണ് നൽകാൻ തയാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാൻ സിപിഎം വിനിയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വഴങ്ങിയില്ലെങ്കിൽ തീർത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാൻ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയവർ പോലും ഇപ്പോൾ മറിച്ചു ചിന്തിക്കുന്നു. മുഖ്യമന്ത്രി മുമ്പ് പരാമർശിച്ചിട്ടുള്ള അവതാരങ്ങൾ ഓരോന്നായി കുടം തുറന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാർമികവുമായ നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

