സ്വപ്നയ്ക്ക് 30 കോടി വാഗ്ദാനം ചെയ്‌ത വിജയ് പിള്ളയുടെ യഥാർത്ഥ പേര് വിജേഷ് പിള്ള; കളമശേരിയിൽ ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്നതായി വിവരം

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി 30 കോടി വാഗ്ദാനം ചെയ്‌തെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന വിജയ് പിള്ളയുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് റിപ്പോർട്ട്. ലിങ്ക്ഡ് ഇൻ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വിജേഷ് പിള്ള എന്ന പേരിൽ ഇയാൾക്ക് അക്കൗണ്ടുള്ളതായാണ് പുറത്തു വരുന്ന വിവരം. വിജയ് പിള്ള എന്നാണ് സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ ഇയാളുടെ പേരായി പറഞ്ഞിരുന്നത്. എന്നാൽ സ്വപ്‌നയും അഭിഭാഷകരും പുറത്തുവിട്ട രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് വിജേഷ് പിള്ള എന്നാണ്.

ഡബ്യൂ.ജി.എൻ. ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആണ് ഇയാളെന്നാണ് വിവരം. കളമശേരിയിലാണ് കമ്പനിയുടെ ഓഫീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, കൺസൾട്ടൻസി രംഗത്താണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഡയറക്ടറായി മറ്റൊരാൾ കൂടിയുണ്ട്. അതേസമയം, വിജേഷ് പിള്ളയെ തിരക്കി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫീസർമാർ എത്തിയിരുന്നതായി ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന മോൺലാഷ് എന്ന കെട്ടിടത്തിന്റെ ഉടമ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. 2017-ൽ ആറ് മാസം വിജേഷ് പിള്ളയുടെ സ്ഥാപനം കെട്ടിട്ടത്തിൽ പ്രവർത്തിച്ചിരുന്നതായും ഇതിന് ശേഷം എന്ത് സംഭവിച്ചു എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നീട് ഇയാളെ കാണാതായി. സ്ഥാപനം പൂട്ടി. ഒരുലക്ഷം രൂപയോളം തങ്ങൾക്ക് ഇയാൾ നൽകാനുണ്ട്. അതിന് ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും കെട്ടിട ഉടമ പറയുന്നു. ഇയാളെക്കൂടാതെ ഓഫീസിൽ ഭാര്യയും ഏതാനും ജീവനക്കാരുമുണ്ടായിരുന്നു. അഞ്ചോ ആറോ ജീവനക്കാരാണ് ഉണ്ടായിരുന്നത്. അന്നത്തെ അഡ്രസും വാടകകരാറിന്റെ രേഖകളും കൈവശമുണ്ട്. ഇയാൾ പോയ ശേഷം 2018-ൽ രാഷ്ട്രീയക്കാരനാണെന്ന് പരിചയപ്പെടുത്തി ഒരാൾ വിജേഷിനെ തിരക്കി വന്നിരുന്നു. പേരറിയില്ല. വിജേഷ് മണി ചെയിൻ ബിസിനസാണ് നടത്തിയിരുന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കാനാണ് വന്നതെന്നും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.