തൃശൂർ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആരാണ് വിജയൻ പിള്ളയെന്നും എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവെന്നും അദ്ദേഹം ചോദിച്ചു.
എം വി ഗോവിന്ദന്റെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും എംവി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ദില്ലി മദ്യനയത്തിലെ അഴിമതി കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാക്കൾ എല്ലാവരും അഴിമതി ആരോപണവിധേയരാണെന്ന് അദ്ദേഹം അറിയിച്ചു.
നാളെ തങ്ങൾക്കെതിരായ കേസുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന ഭയത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നിച്ചു നീങ്ങുന്നത്. അഴിമതിക്കെതിരായ കേന്ദ്രസർക്കാരിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ അഴിമതിക്കാരുടെ സഖ്യമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതിന് തുല്ല്യമാണ് ഇവരുടെ നിലപാടുകളെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു തെളിവുമില്ലാതെ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കുന്നത്. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങൾക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാൻ പിണറായി വിജയനും സംഘവും ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

