ജല അതോറിറ്റിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം : വെള്ളത്തിന് വില കൂടും

തിരുവനന്തപുരം : ജല അതോറിറ്റിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കളുടെ അടക്കം ശുദ്ധജല നിരക്ക് രണ്ടര ഇരട്ടിയായി വർധിപ്പി‍ച്ചേക്കും. നിരക്കു വർധിപ്പിക്കാതെ പിടിച്ചു നിൽ‍ക്കാനാകില്ലെന്നാണു വിലയിരുത്തൽ.നഷ്ടക്കണക്കു വർധിച്ചതോടെ വൈദ്യുതി നിരക്ക് ഇനത്തിൽ കെഎസ്ഇബിക്കു തുക നൽകാൻ പോലും ബുദ്ധിമുട്ടുകയാണ്.

റവന്യു വരുമാനം കൂട്ടാൻ, കുടിശിക പിരിച്ചെടുക്കുന്ന പദ്ധതികൾ നടപ്പാക്കിയെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. 1000 ലീറ്റർ വെള്ളം ഉൽ‍പാദിപ്പിക്കുന്നതിനും വിതരണത്തിനുമായി 23.89 രൂപയാണ് അതോറിറ്റിക്ക് ചെലവാകുന്നത്. എന്നാൽ 10.50 രൂപ മാത്രമാണു ഉപഭോക്താക്കളിൽനിന്നു കിട്ടുന്നത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വൈദ്യുതി നിരക്കായി കെഎസ്ഇബിക്കു നൽകാനുള്ള തുക എന്നിവയടക്കം 1800 കോടി രൂപയുടെ അധിക ബാധ്യത അതോറി‍റ്റിക്കുണ്ട്.

പ്രതിമാസം 35 കോടിയുടെ നഷ്ട‍ം ഇതിനു പുറമേയാണ്. മാസം 102 കോടി രൂപ അതോറിറ്റിക്കു ചെലവാകുമ്പോൾ 67 കോടി മാത്രമാണ് ഉപഭോക്താക്കളിൽനിന്നു പിരിഞ്ഞു കിട്ടുന്നത്.ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നതിന് നിലവിൽ നാലു രൂപയാണ് മിനിമം നിരക്കായി ജല അതോറിറ്റി ഇൗടാക്കുന്നത്. ശുദ്ധജല നിരക്ക് രണ്ടര ഇരട്ടിയായി കൂട്ടുമ്പോൾ മിനിമം നിരക്ക് 10 രൂപയായി ഉയരും.

സംസ്ഥാനത്ത് അടുത്ത മാസം മുതൽ ഗാർഹികം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരി‍ഫിൽ 5% വർധിപ്പിക്കണമെന്നും ഓരോ വർഷവും ജലത്തിനുള്ള നിരക്ക് 5% വീതം കൂട്ടണമെന്നും സർക്കാർ ഫെബ്രുവരി 10ന് ഉത്തര‍വി‍ട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നു ഭയന്നു നടപ്പാക്കുന്നതു തൽക്കാലം തടഞ്ഞു. എന്നാൽ, താരി‍ഫിൽ 5% മാത്രം വർധന വരുത്തിയാൽ ധനപ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാകി‍ല്ലെന്നാണ് അതോറിറ്റിക്കു ലഭിച്ച വിദഗ്ധോപദേശം.

10,000 മുതൽ 15,000 ലീറ്റർ വരെ പ്രതിമാസ ഉപയോഗത്തിന്, നിലവിൽ മിനിമം നിരക്കായ 40 രൂപയ്ക്കു പുറമേ അധികമായി വരുന്ന ഓരോ 1000 ലീറ്ററിനും അഞ്ചു രൂപയും ഉപയോക്താവ് നൽകുന്നു. പുതുതായി നിരക്ക് ഉയർത്തുമ്പോൾ മിനിമം നിരക്ക് 100 രൂപയും, അധികമായുള്ള ഓരോ 1000 ലീറ്ററിന് 12.50 രൂപയും നൽകണം.