തിരുവനന്തപുരം :ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്രജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.’വാക്സിൻ ചലഞ്ച്’ കൊള്ളാം,പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ കൊറോണ മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമാണ് സിപിഎം ഉപയോഗിക്കുന്നതെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സൗജന്യവാക്സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്സിന്‍റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്‍റെ ശാസ്ത്രീയത എന്താണെന്നും മുരളീധരൻ ചോദിച്ചു.കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു.
കേന്ദ്ര ക്വാട്ട കഴിച്ചുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവർ കൊറോണയുടെ പേരിൽ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകൾക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണം.സംസ്ഥാനക്വോട്ട നിശ്ചയിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

