രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗമുക്തി നിരക്ക് 83.83 % ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 20 % ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഡല്‍ഹി, ഛത്തീസ്‌ഗഢ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതാണ് ടിപിആറിലെ കുറവിന് കാരണെമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80 % കൊവിഡ് കേസുകളും. കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ കുത്തനെ ഉയരുകയാണെന്നും ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കര്‍ണാടകയിലാണ്. 5,98,625 പേരാണ് കർണാടകയിൽ രോഗബാധിതരായി ചികിൽസയിലുള്ളത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. മൂന്നാമത് കേരളമാണ്. 11 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലേറെ രോഗികളാണ് ചികിൽസയിലുള്ളത്. എട്ടിടങ്ങളില്‍ രോഗികളുടെ എണ്ണം അരലക്ഷത്തിലേറെയാണ്. തമിഴ്നാട്ടിലെ രോഗവ്യാപനത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർ ശനമാക്കണ മെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.