ഉമ്മൻ ചാണ്ടിയെ പോലൊരു മനുഷ്യനെതിരെ മത്സരിച്ചത് എന്റെ തെറ്റ്; ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു അത്ഭുത മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും അതിൽ രണ്ട് പേരും വേദനിക്കേണ്ടി വന്നെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം നടത്തവേയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. 12 വയസ്സ് മുതൽ തന്റെ വീട്ടിലെ അംഗമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും 1970 മുതൽ ഉമ്മൻ ചാണ്ടിയുടെ എം എൽ എ ഹോസ്റ്റലിലാണ് താൻ ഏറ്റവുമധികം കഴിഞ്ഞതെന്നും ചെറിയാൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി വിമർശിച്ചപ്പോഴും തന്നോട് തെറ്റ് ചെയ്‌തെന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹത്തിന്റെ ഹൃദയ വിശാലതയാണെന്നും ചെറിയാൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. വളരെ വികാര നിർഭരമായായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ അനുസ്മരണം.