സ്പൂട്‌നിക് വി വാക്‌സിന്‍ അടുത്താഴ്ച മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ലഭ്യമാകും

sputnik

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പൂട്‌നിക് വി വാക്‌സിന്‍ അടുത്താഴ്ച മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു. റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് സ്പൂട്‌നിക് വി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11നാണ് റഷ്യയില്‍ വാക്‌സിന് ഉപയോഗത്തിന് അനുമതി നല്‍കിയത്. കോവിഡ് 19നെതിരെ 91.6 ശതമാനം ഫലപ്രദമാണ് വാക്‌സിന്‍.

ഇന്ത്യയില്‍ ജനുവരി 16നാണ് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. നിലവില്‍ രാജ്യത്ത് വാക്‌സിനേഷന്റെ മൂന്നാംഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ 177,214,256 വാക്‌സിന്‍ ഡോസുകള്‍ കുത്തിവെച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.ഇന്ത്യയില്‍ വാക്‌സിന്റെ പ്രദേശിക നിര്‍മാണം ജൂലായില്‍ ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് സ്പൂട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക.

രാജ്യത്ത് ഉപയോഗിത്തിലുള്ള കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ രാജ്യത്ത് ലഭ്യമാകുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പൂട്‌നിക്. മെയ് ഒന്നിന് സ്പൂട്‌നിക് വാക്‌സിന്റെ 1.5 ലക്ഷം ഡോസുകളുടെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയിരുന്നു. മെയ് 14 ന് റഷ്യയില്‍ നിന്ന് വാക്‌സിന്റെ രണ്ടാമത്തെ ബാച്ചും രാജ്യത്തെത്തും.രാജ്യത്ത് അടുത്താഴ്ച മുതല്‍ സ്പൂട്‌നിക് വാക്‌സിന്‍ പൊതുവിപണിയില്‍ ലഭ്യമായി തുടങ്ങും.

റഷ്യയില്‍ നിന്നെത്തിയ വാക്‌സിന്റെ പരിമിതമായ വില്‍പനയായിരിക്കും ആരംഭിക്കുക’ ഡോ. വി കെ പോള്‍ പറഞ്ഞു. അതേസമയം ഈ വര്‍ഷം അവസാനത്തോടെ എല്ലാ പൗരന്മാകര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിന് ആവശ്യമായ വാക്സിന്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്സ് മേധാവി പറഞ്ഞു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. അതായത് എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ നല്‍കിയ ശേഷവും രാജ്യത്ത് വാക്സിന്‍ ഡോസുകള്‍ മിച്ചം വരും.

കോവിഷീല്‍ഡ് വാക്സിന്‍: 75 കോടി ഡോസ്

കോവാക്സിന്‍: 55 കോടി ഡോസ്

ബയോ ഇ സബ് യൂണീറ്റ് വാക്സിന്‍: 30 കോടി ഡോസ്

സിഡസ് കാഡില ഡിഎന്‍എ: 5 കോടി ഡോസ്

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നോവാക്സ്: 20 കോടി ഡോസ്

ജെനോവ എംആര്‍എന്‍എ: 6 കോടി ഡോസ്

സ്പുട്നിക് വി: 15.6 കോടി ഡോസ്

എന്നിങ്ങനെയാണ് രാജ്യത്ത് ലഭ്യമാകുന്ന വാക്സിന്‍ ഡോസുകളുടെ കണക്ക്. അതേസമയം കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് ആറു മുതല്‍ എട്ട് ആഴ്ചയ്ക്കിടിയല്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഡോസുകളുടെ കാലയളവില്‍ മാറ്റമില്ല.